Tuesday, 15 February 2011
സീസണ്‍ ടിക്കറ്റ്
ട്രെയിന്‍ യാത്രകളെ ആഘോഷമാക്കി മാറ്റുന്ന സീസണ്‍ ടിക്കറ്റുകാര്‍,
രാവിലെയും വൈകുന്നേരവും ട്രെയിന്‍ പിടിക്കാന്‍ നെട്ടോട്ടമോടുന്നവര്‍
Friday, 11 February 2011
ഓട്ടോഗ്രാഫ് എന്ന ഓര്‍മ പുസ്തകം
"ജീവിതയാത്രയില്‍ എവിടെയെങ്കിലും വെച്ച് കണ്ടുമുട്ടിയാല്‍ തിരക്കിനിടയിലും ഒന്ന് ചിരിക്കണേ കൂട്ടുകാരാ"
"അവസാന പേജില്‍ എഴുതിയത് കൊണ്ട് ഓര്‍മയിലും അവസാനമാവരുത്"
തകരപ്പെട്ടിയില്‍ പഴയ പുസ്തകങ്ങളുടെ ഇടയില്‍ നിന്ന് കിട്ടിയ പത്താം ക്ലാസിലെ ഓട്ടോഗ്രാഫിലെ ചില വരികളാണ് ഇവ.
ഒരു വര്‍ഷത്തെ പിണക്കങ്ങളും,പരിഭവവും മറന്ന് പ്രിയപ്പെട്ട കൂട്ടുകാരന്/കൂട്ടുകാരിക്ക് എഴുതികൊടുക്കുന്ന ഏറ്റവും ആത്മാര്‍ഥമായ വരികള്‍.ജീവിതത്തിന്‍റെ തിരക്കുകള്‍ക്കിടയില്‍ തകരപ്പെട്ടിയില്‍ തള്ളപ്പെടുമെങ്കിലും ഇടയ്ക്കൊക്കെ എടുത്തു നോക്കുമ്പോള്‍ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കുറച്ചു ദിനങ്ങളുടെ കണക്കുപുസ്തകം.
വാര്‍ഷിക പരീഷയുടെ ചൂടില്‍ പുത്തന്‍ മണം മായാത്ത പുസ്തകം ആദ്യമായി തുറക്കുന്ന തിരക്കിനിടയിലും പ്രിയപ്പെട്ട കൂട്ടുകാരന്/കൂട്ടുകാരിക്ക് ഏറ്റവും ആത്മാര്‍ഥമായ വരികള്‍ എഴുതികൊടുക്കാനും എഴുതി വാങ്ങാനും സമയം കണ്ടെത്തുന്ന ഫെബ്രുവരി മാസം.കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴികളുടെ ഫെബ്രുവരി.ഗ്രൂപ്പ് ഫോട്ടോയ്ക്ക് പൊക്കമനുസരിച്ചു നിര്‍ത്തിയ ഫോട്ടോഗ്രാഫറുടെ കണ്ണ് വെട്ടിച്ച് കാമുകിയുടെ പിന്നില്‍ സ്ഥാനം പിടിക്കാന്‍ വിഫല ശ്രമം നടത്തുന്ന കാമുകന്മാരുടെ ഫെബ്രുവരി.
നാം പഠിച്ചിരുന്ന കാലഘട്ടത്തിലെ വട്ടപ്പേരുകള്‍,അന്നത്തെ സിനിമ ഗാനങ്ങളുടെ വരികള്‍,തമാശകള്‍ ഇവയൊക്കെ ഓരോ ഓട്ടോഗ്രഫിലും ഉണ്ടാവും.
ഒപ്പം പ്രിയപ്പെട്ട അധ്യാപകരുടെ സ്നേഹം നിറഞ്ഞ ആശംസകളും.
ചിലര്‍ക്കെങ്കിലും സഫലമാവാത്ത പ്രണയത്തിന്‍റെ രക്തസാക്ഷി സ്മാരകമാണ് ഓട്ടോഗ്രാഫ്.തൊട്ടടുത്ത് പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്കൂളിലേക്ക് ഞാന്‍ പഠിച്ച സര്‍ക്കാര്‍ സ്കൂളിന്‍റെ മുന്നിലൂടെ രാവിലെയും വൈകുന്നേരവും പോകുന്ന പത്താം ക്ലസുകാരിയോടു ആദ്യ പ്രണയം തോന്നിയെങ്കിലും ഇഷ്ടം പറയാന്‍ ധൈര്യമില്ല.ആ പെണ്‍കുട്ടിയെക്കൊണ്ട് എഴുതിക്കാന്‍ വേണ്ടി ഒഴിച്ചിട്ട ഓട്ടോഗ്രാഫിലെ ആദ്യ പേജ് ഇപ്പോഴും ഒഴിഞ്ഞു കിടക്കുന്നു.ഇഷ്ടം പറയാന്‍ ധൈര്യമില്ല പിന്നെങ്ങനെ ഓട്ടോഗ്രാഫ് ചോദിക്കും.
ട്യുഷന്‍ ക്ലാസ്സില്‍ വെച്ചോ അല്ലെങ്കില്‍ അമ്പലത്തിലോ ബസ്‌സ്റ്റോപ്പിലോ വെച്ച് മൊട്ടിട്ട ആദ്യ പ്രണയം തുറന്നു പറയാനാവാഞ്ഞ പത്താം ക്ലാസ്/പ്രീഡിഗ്രി കാമുകന്മാരുടെ നിസഹായതയുടെ പ്രതീകമായി പലരുടെയും ഓട്ടോഗ്രാഫില്‍ ഒഴിഞ്ഞു കിടക്കുന്ന ഒന്നാം പേജുകളെക്കുറിച്ചു പറഞ്ഞു കേട്ടിട്ടുണ്ട്.
പെണ്‍കുട്ടികള്‍ മിക്കവരും വിവാഹത്തിന് മുമ്പ് ഓട്ടോഗ്രാഫ് ഓട്ടോഗ്രാഫ് നശിപ്പിച്ചു കളയാറുണ്ട്.ഭാര്യയുടെ ഓട്ടോഗ്രാഫിലെ അല്പം കാല്പനികമായ വരികളില്‍ തൂങ്ങി ഭാര്യയുടെ ഭൂതകാലം അന്വേഷിച്ച് ഇറങ്ങുന്ന സംശയ രോഗികളായ തളത്തില്‍ ദിനേശന്മാരുടെ എണ്ണം കുറവല്ല എന്നത് തന്നെ കാരണം.നീലത്തടാകത്തിലെ കളി വള്ളങ്ങളെയും ബാലചന്ദ്രമെനോനെയും അന്വേഷിച്ചിറങ്ങിയ വടക്കുനോക്കി യന്ത്രം സിനിമയിലെ തളത്തില്‍ ദിനേശനെ ഓര്‍ക്കുക.
"അടരുവാന്‍ വയ്യ നിന്‍
ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗം വിളിച്ചാലും" ഈ വരികള്‍ എഴുതി ഡയറി തിരികെ ഏല്‍പ്പിക്കുമ്പോള്‍
നീ ഇത് കീറി കളയുമോ? എന്ന എന്‍റെ ചോദ്യത്തിനു കീറികളയും എന്ന് തുറന്നു പറഞ്ഞ പഴയ കാമുകി മേല്‍പറഞ്ഞത് സാഷ്യപ്പെത്തുന്നു(പഴയ സഖാവിന്‍റെ നേരുള്ള മനസിന് നന്ദി)
ഓട്ടോഗ്രാഫിനെ കുറിച്ച് ഗൃഹാതുര ഓര്‍മ്മകള്‍ സൂക്ഷിക്കുന്നവര്‍ക്ക് ഇത്തരം ഓര്‍മ്മകള്‍ പങ്കുവെക്കാനുണ്ടാവും
എന്നാല്‍ ഓര്‍ക്കുട്ടും,ഫേസ്ബുക്കും സജീവമായ കാലത്ത് പഠിക്കുന്നവര്‍ ഓട്ടോഗ്രാഫ് എഴുതേണ്ടതുണ്ടോ?
ക്ലാസ്മുറിയുടെ ചുവരുകള്‍ വിട്ട് സ്വാതന്ത്ര്യത്തിന്‍റെ വിശാല ലോകം വിട്ട് പിരിയുന്നെങ്കിലും ഈ സൌഹൃദങ്ങളുടെ ലോകം വിട്ട് ആരെങ്കിലും പോകുന്നുണ്ടോ?
ഏറ്റവും പുതിയ ഫോട്ടോകള്‍ ഷെയര്‍ ചെയ്തും,ചായ കുടിച്ചതും കാപ്പി കുടിച്ചതും വരെ ചര്‍ച്ച ചെയ്തും നാം ഇവിടെത്തന്നെ ഇല്ലേ? പിന്നെ എങ്ങോട്ട് പിരിയാന്‍?
അംഗസംഖ്യ നോക്കിയാല്‍ ലോകത്തെ മൂന്നാമത്തെ രാജ്യമായി പരിഗണിക്കാവുന്ന ഫേസ്ബുക്കിന്‍റെ അന്തേവാസികളല്ലേ ഞാനും നിങ്ങളും നമ്മുടെ കൂട്ടുകാരും
ഫേസ്ബുക്കില്‍ എന്നും കാണുന്ന കൂട്ടുകാരന്‍റെ ഓട്ടോഗ്രാഫില്‍ "ജീവിതയാത്രയില്‍ എവിടെയെങ്കിലും വെച്ച് കണ്ടുമുട്ടിയാല്‍ തിരക്കിനിടയിലും ഒന്ന് ചിരിക്കണേ കൂട്ടുകാരാ" എന്ന് എഴുതിനല്‍കനാവുമോ?
പച്ചയും ചുവപ്പും നിറത്തിലുള്ള വെല്‍വെറ്റ് തുണിയുടെ പുറംചട്ട ഉള്ള പഴയ ഓട്ടോഗ്രാഫ് നോക്കി "ഓര്‍മകള്‍ക്കെന്തു സുഗന്ധം" എന്ന് മനസിലെങ്കിലും ഇനി പറയാനാവുമോ?
ഫേസ്ബുക്കിന്‍റെ കാലത്ത് ഓട്ടോഗ്രാഫ് എന്ന ഓര്‍മ പുസ്തകത്തിന് പ്രസക്തിയുണ്ടോ?
Tuesday, 1 February 2011
ഓര്‍മകളിലെ ഫോണ്‍
കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന റബ്ബര്‍ തോട്ടത്തിന്‍റെ ഒത്ത നടുവിലായിരുന്നു പാലമറ്റത്തെ ഫിലിപ്പോസ് മുതലാളിയുടെ കൊട്ടാരസമാനമായ വീട്. തോട്ടത്തിന്‍റെ കിഴക്കേ ചരുവിലെ നടപ്പാതയിലൂടെ പാലമറ്റത്തെ വേലക്കാരി മറിയാമ്മ ചേട്ടത്തി ഓടിയണച്ചു വന്നു
"എലിക്കുട്ടിയേ ഒരു ഫോണുണ്ട്" എന്ന് പറയുമ്പോള്‍ അമ്മച്ചി കരഞ്ഞു കൊണ്ട് ഫിലിപ്പോസ് മുതലാളിയുടെ ബംഗ്ലാവിലേക്ക് ഓടുന്ന ചിത്രം ഇപ്പോഴും മനസിലുണ്ട്.
അന്നത്തെ കാലത്ത് ഞങ്ങളുടെ നാട്ടില്‍ ഫോണുണ്ടയിരുന്നത് പാലമറ്റത്തെ വീട്ടിലും പിന്നെ പള്ളിമേടയിലും മാത്രം.അതുകൊണ്ട് തന്നെ പാവപ്പെട്ടവന്‍റെ ആശ്രയം pp നമ്പര്‍ മാത്രം.മുതലാളിയുടെ ആശ്രിതരും തോട്ടത്തിലെ പണിക്കാരുമായ പാവപ്പെട്ടവര്‍ക്ക് ഇഷ്ടമല്ലാഞ്ഞിട്ടും അദ്ദേഹം അനുവദിച്ചു തന്നിട്ടുള്ള pp നമ്പര്‍ സൗകര്യം.അതുകൊണ്ട് തന്നെ ഫോണ്‍ വരുക എന്നത് അപൂര്‍വ്വം.
തോട്ടത്തിന് നടുവിലൂടെ ബംഗ്ലാവിലേക്ക് ഓടുമ്പോള്‍ അമ്മച്ചിയുടെ മനസ്സില്‍ പലവിധ വിചാരങ്ങളാവും കുട്ടനാട്ടില്‍ തന്‍റെ വീട്ടില്‍ പ്രായമായിരിക്കുന്ന അപ്പച്ചന് എന്തെങ്കിലും? അല്ലെങ്കില്‍ കണ്ടത്തിലെ വഴുക്കലില്‍ അമ്മച്ചി തെന്നി വീണോ? അതോ ആങ്ങളക്ക് എന്തെങ്കിലും? അടുത്ത ബന്ധുക്കളുടെ മരണം അല്ലെങ്കില്‍ അപകടം ഇങ്ങനെ കേള്‍ക്കാന്‍ ഇഷ്ട്ടമില്ലാത്ത വാര്‍ത്തകളാവും ഫോണിന്‍റെ അങ്ങേത്തലക്കല്‍ അതുകൊണ്ടാണ് അമ്മച്ചി കരഞ്ഞുകൊണ്ട് ഓടുന്നത്.അങ്ങനെ ദൂരെ നിന്ന് കെട്ടിച്ചു വിട്ട പെണ്ണുങ്ങളുടെ ചങ്കിടിപ്പ് വര്‍ധിപ്പിച്ചു കൊണ്ട് ഇടയ്ക്കൊക്കെ പാലമറ്റത്തെ ബംഗ്ലാവില്‍ ഫോണടിച്ചു.
പിന്നെ ഗള്‍ഫുകാരുടെ തള്ളിക്കയറ്റം ഉണ്ടായ സമയത്ത് ഗള്‍ഫുകാരുടെ വീടുകളില്‍ ഫോണ്‍ ചിലച്ചു തുടങ്ങി
"എത്രയും പ്രിയപ്പെട്ട എന്‍റെ ഭര്‍ത്താവ് വായിച്ചു അറിയാന്‍" എന്ന മട്ടിലുള്ള കത്തുകള്‍ ഫോണ്‍ സന്ദേശങ്ങള്‍ക്ക് വഴിമാറി.മകനും മരുമകളും ഫോണില്‍ പ്രണയസല്ലാപം നടത്തുന്നത് സഹിക്കാത്ത അമ്മായിഅമ്മമാര്‍ "ഇതിനും മാത്രം എന്നാ പറയാനാ" എന്നു മരുമക്കളുടെ നേരെ തട്ടിക്കയറി.
ശരാശരിക്ക് മുകളില്‍ ഉള്ളവരും ഗവണ്മെന്‍റെ ജോലിക്കാരും അപേക്ഷ നല്‍കി പത്തും,പതിനഞ്ചും വര്‍ഷം കാത്തിരുന്നു ഫോണ്‍ എടുത്തു തുടങ്ങി.ഫോണ്‍ കണക്ഷന്‍ ലഭിച്ച കൂട്ടുകാരന്‍റെ പൊങ്ങച്ചക്കാരനായ അപ്പനെ പറ്റിക്കാന്‍ ബി എസ് എന്‍ എല്‍-ലില്‍ നിന്ന് വിളിക്കുന്ന വ്യാജേന വിളിച്ചതും ഫോണ്‍ ചെക്ക് ചെയ്യാന്‍ എന്ന മട്ടില്‍ അദേഹത്തോട് മുറ്റത്തിറങ്ങി കൂവാന്‍ പറഞ്ഞതും അദ്ദേഹം മുറ്റത്തിറങ്ങി കൈകൊട്ടി കൂവിയതും ഞങ്ങളുടെ നാട്ടിലെ ചില തമാശകള്‍.
മറ്റു തൊഴില്‍ ചെയ്യാന്‍ നിവൃത്തിയില്ലത്താവരും സ്വയം തൊഴില്‍ കണ്ടെത്തുന്നവരും ലോണെടുത്ത് പബ്ലിക് ടെലഫോണ്‍ ബൂത്ത്
തുടങ്ങിയതോടെ പാവപ്പെട്ടവനും അത്യാവശ്യത്തിനു ഫോണ്‍ വിളിക്കാന്‍ സൗകര്യമായി ഇന്‍കമിംഗ് കോളുകള്‍ക്ക് അപ്പോഴും pp നമ്പര്‍ തന്നെ ആശ്രയം.
പക്ഷെ തൊണ്ണൂറുകളുടെ അവസാനത്തോടെ മൊബൈല്‍ ഫോണിന്‍റെ വരവോടെ ഫോണ്‍ വിളിയുടെ ചരിത്രവും മാറുന്നു പുറത്തേക്കു തള്ളിനിക്കുന്ന പേഴ്സും വലിയ മൊബൈല്‍ ഫോണും അക്കാലത്തു പണക്കാരന്‍റെ അടയാളമായിരുന്നു.റേഞ്ച് നോക്കി നടക്കുന്ന,ഒറ്റയ്ക്ക് നിന്ന് സംസാരിക്കുന്ന മൊബൈല്‍ ഉപഭോക്താവിനെ മൊബൈലോ ലാന്‍ഡ് ലൈനോ ഇല്ലാത്ത pp നമ്പറുകാരന്‍ പരിഹസിച്ചു ചിരിച്ചു.റേഞ്ച് നോക്കി നടന്ന ആള്‍ പൊട്ടകിണറ്റില്‍ വീണ വാര്‍ത്ത അക്കാലത്തു പത്രത്തില്‍ വരുമായിരുന്നു.
ഉടനെയൊന്നും ഈ സാധനം എടുക്കാന്‍ തന്‍റെ സാമ്പത്തിക സ്ഥിതി അനുവദിക്കില്ല എന്നറിയാവുന്ന സാധാരണക്കാരന്‍ ഈ ഫോണ്‍ എന്തോ മോശം സാധനമാണെന്ന് മനസ്സില്‍ സമാധാനിച്ചു.പക്ഷെ റിലയന്‍സിന്‍റെ വരവോടെ 501-ന്‍റെ ബാര്‍സോപ്പ് പോലെ ഫോണ്‍ കൊടുത്തു തുടങ്ങിയതോടെ ആര്‍ക്കും ഫോണ്‍ എടുക്കാം എന്ന സ്ഥിതി വന്നു 501-ന്‍റെ ബാര്‍സോപ്പ് പോലെ റിലയന്‍സ് ഫോണ്‍ കൊടുത്തില്ലായിരുന്നു എങ്കില്‍ സാധാരണക്കാരന്‍റെ കൈകളില്‍ ഇപ്പോഴും ഈ കുഞ്ഞു ഫോണ്‍ എത്തുമായിരുന്നോ എന്ന കാര്യം സംശയം
ഇപ്പോള്‍ ഏറ്റവും മികച്ച സൗകര്യമുള്ള ഫോണ്‍ ഏറ്റവും കുറഞ്ഞ വിലക്ക് കൊടുക്കാനാണ് കമ്പനികള്‍ മത്സരിക്കുന്നത് 3g അടക്കം വന്നു കഴിഞ്ഞു (ചൈനക്കാര്‍ നാലാം തലമുറ ഫോണില്‍ എത്തി).ഏറ്റവും കുറഞ്ഞ കോള്‍നിരക്ക് നല്‍കാന്‍ കമ്പനികളും തയാര്‍.
ടെക്നോളജിയുടെ പുരോഗതിയില്‍ പിന്തള്ളപ്പെട്ട മറ്റൊരു സംവിധാനമാണ് ടെലഗ്രാം.ടെലഗ്രാം സംവിധാനം ഇടുക്കി,വയനാട് ജില്ലകള്‍ ഒഴികെ മറ്റു ജില്ലകളില്‍ നിര്‍ത്തി എന്ന വാര്‍ത്ത വന്നതും ഈ അടുത്ത ദിവസം.
Subscribe to:
Posts (Atom)