Tuesday, 1 February 2011

ഓര്‍മകളിലെ ഫോണ്‍

കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന റബ്ബര്‍ തോട്ടത്തിന്‍റെ ഒത്ത നടുവിലായിരുന്നു പാലമറ്റത്തെ ഫിലിപ്പോസ്‌ മുതലാളിയുടെ കൊട്ടാരസമാനമായ വീട്. തോട്ടത്തിന്‍റെ കിഴക്കേ ചരുവിലെ നടപ്പാതയിലൂടെ പാലമറ്റത്തെ വേലക്കാരി മറിയാമ്മ ചേട്ടത്തി ഓടിയച്ചു വന്നു "എലിക്കുട്ടിയേ ഒരു ഫോണുണ്ട്" എന്ന് പറയുമ്പോള്‍ അമ്മച്ചി കരഞ്ഞു കൊണ്ട് ഫിലിപ്പോസ്‌ മുതലാളിയുടെ ബംഗ്ലാവിലേക്ക് ഓടുന്ന ചിത്രം ഇപ്പോഴും മനസിലുണ്ട്. അന്നത്തെ കാലത്ത് ഞങ്ങളുടെ നാട്ടില്‍ ഫോണുണ്ടയിരുന്നത് പാലമറ്റത്തെ വീട്ടിലും പിന്നെ പള്ളിമേടയിലും മാത്രം.അതുകൊണ്ട് തന്നെ പാവപ്പെട്ടവന്‍റെ ആശ്രയം pp നമ്പര്‍ മാത്രം.മുതലാളിയുടെ ആശ്രിതരും തോട്ടത്തിലെ പണിക്കാരുമായ പാവപ്പെട്ടവര്‍ക്ക് ഇഷ്ടമല്ലാഞ്ഞിട്ടും അദ്ദേഹം അനുവദിച്ചു തന്നിട്ടുള്ള pp നമ്പര്‍ സൗകര്യം.അതുകൊണ്ട് തന്നെ ഫോണ്‍ വരുക എന്നത് അപൂര്‍വ്വം. തോട്ടത്തിന് നടുവിലൂടെ ബംഗ്ലാവിലേക്ക് ഓടുമ്പോള്‍ അമ്മച്ചിയുടെ മനസ്സില്‍ പലവിധ വിചാരങ്ങളാവും കുട്ടനാട്ടില്‍ തന്‍റെ വീട്ടില്‍ പ്രായമായിരിക്കുന്ന അപ്പച്ചന് എന്തെങ്കിലും? അല്ലെങ്കില്‍ കണ്ടത്തിലെ വഴുക്കലില്‍ അമ്മച്ചി തെന്നി വീണോ? അതോ ആങ്ങളക്ക് എന്തെങ്കിലും? അടുത്ത ബന്ധുക്കളുടെ മരണം അല്ലെങ്കില്‍ അപകടം ഇങ്ങനെ കേള്‍ക്കാന്‍ ഇഷ്ട്ടമില്ലാത്ത വാര്‍ത്തകളാവും ഫോണിന്‍റെ അങ്ങേത്തലക്കല്‍ അതുകൊണ്ടാണ് അമ്മച്ചി കരഞ്ഞുകൊണ്ട് ഓടുന്നത്.അങ്ങനെ ദൂരെ നിന്ന് കെട്ടിച്ചു വിട്ട പെണ്ണുങ്ങളുടെ ചങ്കിടിപ്പ് വര്‍ധിപ്പിച്ചു കൊണ്ട് ഇടയ്ക്കൊക്കെ പാലമറ്റത്തെ ബംഗ്ലാവില്‍ ഫോണടിച്ചു. പിന്നെ ഗള്‍ഫുകാരുടെ തള്ളിക്കയറ്റം ഉണ്ടായ സമയത്ത് ഗള്‍ഫുകാരുടെ വീടുകളില്‍ ഫോണ്‍ ചിലച്ചു തുടങ്ങി "എത്രയും പ്രിയപ്പെട്ട എന്‍റെ ഭര്‍ത്താവ് വായിച്ചു അറിയാന്‍" എന്ന മട്ടിലുള്ള കത്തുകള്‍ ഫോണ്‍ സന്ദേശങ്ങള്‍ക്ക് വഴിമാറി.മകനും മരുമകളും ഫോണില്‍ പ്രണയസല്ലാപം നടത്തുന്നത് സഹിക്കാത്ത അമ്മായിഅമ്മമാര്‍ "ഇതിനും മാത്രം എന്നാ പറയാനാ" എന്നു മരുമക്കളുടെ നേരെ തട്ടിക്കയറി. ശരാശരിക്ക് മുകളില്‍ ഉള്ളവരും ഗവണ്മെന്‍റെ ജോലിക്കാരും അപേക്ഷ നല്‍കി പത്തും,പതിനഞ്ചും വര്‍ഷം കാത്തിരുന്നു ഫോണ്‍ എടുത്തു തുടങ്ങി.ഫോണ്‍ കണക്ഷന്‍ ലഭിച്ച കൂട്ടുകാരന്‍റെ പൊങ്ങച്ചക്കാരനായ അപ്പനെ പറ്റിക്കാന്‍ ബി എസ് എന്‍ എല്‍-ലില്‍ നിന്ന് വിളിക്കുന്ന വ്യാജേന വിളിച്ചതും ഫോണ്‍ ചെക്ക് ചെയ്യാന്‍ എന്ന മട്ടില്‍ അദേഹത്തോട് മുറ്റത്തിറങ്ങി കൂവാന്‍ പറഞ്ഞതും അദ്ദേഹം മുറ്റത്തിറങ്ങി കൈകൊട്ടി കൂവിയതും ഞങ്ങളുടെ നാട്ടിലെ ചില തമാശകള്‍. മറ്റു തൊഴില്‍ ചെയ്യാന്‍ നിവൃത്തിയില്ലത്താവരും സ്വയം തൊഴില്‍ കണ്ടെത്തുന്നവരും ലോണെടുത്ത് പബ്ലിക്‌ ടെലഫോണ്‍ ബൂത്ത്‌ തുടങ്ങിയതോടെ പാവപ്പെട്ടവനും അത്യാവശ്യത്തിനു ഫോണ്‍ വിളിക്കാന്‍ സൗകര്യമായി ഇന്‍കമിംഗ് കോളുകള്‍ക്ക് അപ്പോഴും pp നമ്പര്‍ തന്നെ ആശ്രയം. പക്ഷെ തൊണ്ണൂറുകളുടെ അവസാനത്തോടെ മൊബൈല്‍ ഫോണിന്‍റെ വരവോടെ ഫോണ്‍ വിളിയുടെ ചരിത്രവും മാറുന്നു പുറത്തേക്കു തള്ളിനിക്കുന്ന പേഴ്സും വലിയ മൊബൈല്‍ ഫോണും അക്കാലത്തു പണക്കാരന്‍റെ അടയാളമായിരുന്നു.റേഞ്ച് നോക്കി നടക്കുന്ന,ഒറ്റയ്ക്ക് നിന്ന് സംസാരിക്കുന്ന മൊബൈല്‍ ഉപഭോക്താവിനെ മൊബൈലോ ലാന്‍ഡ്‌ ലൈനോ ഇല്ലാത്ത pp നമ്പറുകാരന്‍ പരിഹസിച്ചു ചിരിച്ചു.റേഞ്ച് നോക്കി നടന്ന ആള്‍ പൊട്ടകിണറ്റില്‍ വീണ വാര്‍ത്ത‍ അക്കാലത്തു പത്രത്തില്‍ വരുമായിരുന്നു. ഉടനെയൊന്നും ഈ സാധനം എടുക്കാന്‍ തന്‍റെ സാമ്പത്തിക സ്ഥിതി അനുവദിക്കില്ല എന്നറിയാവുന്ന സാധാരണക്കാരന്‍ ഈ ഫോണ്‍ എന്തോ മോശം സാധനമാണെന്ന് മനസ്സില്‍ സമാധാനിച്ചു.പക്ഷെ റിലയന്‍സിന്‍റെ വരവോടെ 501-ന്‍റെ ബാര്‍സോപ്പ് പോലെ ഫോണ്‍ കൊടുത്തു തുടങ്ങിയതോടെ ആര്‍ക്കും ഫോണ്‍ എടുക്കാം എന്ന സ്ഥിതി വന്നു 501-ന്‍റെ ബാര്‍സോപ്പ് പോലെ റിലയന്‍സ് ഫോണ്‍ കൊടുത്തില്ലായിരുന്നു എങ്കില്‍ സാധാരണക്കാരന്‍റെ കൈകളില്‍ ഇപ്പോഴും ഈ കുഞ്ഞു ഫോണ്‍ എത്തുമായിരുന്നോ എന്ന കാര്യം സംശയം ഇപ്പോള്‍ ഏറ്റവും മികച്ച സൗകര്യമുള്ള ഫോണ്‍ ഏറ്റവും കുറഞ്ഞ വിലക്ക് കൊടുക്കാനാണ് കമ്പനികള്‍ മത്സരിക്കുന്നത് 3g അടക്കം വന്നു കഴിഞ്ഞു (ചൈനക്കാര്‍ നാലാം തലമുറ ഫോണില്‍ എത്തി).ഏറ്റവും കുറഞ്ഞ കോള്‍നിരക്ക് നല്‍കാന്‍ കമ്പനികളും തയാര്‍. ടെക്നോളജിയുടെ പുരോഗതിയില്‍ പിന്തള്ളപ്പെട്ട മറ്റൊരു സംവിധാനമാണ് ടെലഗ്രാം.ടെലഗ്രാം സംവിധാനം ഇടുക്കി,വയനാട് ജില്ലകള്‍ ഒഴികെ മറ്റു ജില്ലകളില്‍ നിര്‍ത്തി എന്ന വാര്‍ത്ത‍ വന്നതും ഈ അടുത്ത ദിവസം.

No comments:

Post a Comment