Friday, 11 February 2011

ഓട്ടോഗ്രാഫ് എന്ന ഓര്‍മ പുസ്തകം

"ജീവിതയാത്രയില്‍ എവിടെയെങ്കിലും വെച്ച് കണ്ടുമുട്ടിയാല്‍ തിരക്കിനിടയിലും ഒന്ന് ചിരിക്കണേ കൂട്ടുകാരാ" "അവസാന പേജില്‍ എഴുതിയത് കൊണ്ട് ഓര്‍മയിലും അവസാനമാവരുത്" തകരപ്പെട്ടിയില്‍ പഴയ പുസ്തകങ്ങളുടെ ഇടയില്‍ നിന്ന് കിട്ടിയ പത്താം ക്ലാസിലെ ഓട്ടോഗ്രാഫിലെ ചില വരികളാണ് ഇവ. ഒരു വര്‍ഷത്തെ പിണക്കങ്ങളും,പരിഭവവും മറന്ന് പ്രിയപ്പെട്ട കൂട്ടുകാരന്/കൂട്ടുകാരിക്ക് എഴുതികൊടുക്കുന്ന ഏറ്റവും ആത്മാര്‍ഥമായ വരികള്‍.ജീവിതത്തിന്‍റെ തിരക്കുകള്‍ക്കിടയില്‍ തകരപ്പെട്ടിയില്‍ തള്ളപ്പെടുമെങ്കിലും ഇടയ്ക്കൊക്കെ എടുത്തു നോക്കുമ്പോള്‍ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കുറച്ചു ദിനങ്ങളുടെ കണക്കുപുസ്തകം. വാര്‍ഷിക പരീഷയുടെ ചൂടില്‍ പുത്തന്‍ മണം മായാത്ത പുസ്തകം ആദ്യമായി തുറക്കുന്ന തിരക്കിനിടയിലും പ്രിയപ്പെട്ട കൂട്ടുകാരന്/കൂട്ടുകാരിക്ക് ഏറ്റവും ആത്മാര്‍ഥമായ വരികള്‍ എഴുതികൊടുക്കാനും എഴുതി വാങ്ങാനും സമയം കണ്ടെത്തുന്ന ഫെബ്രുവരി മാസം.കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴികളുടെ ഫെബ്രുവരി.ഗ്രൂപ്പ് ഫോട്ടോയ്ക്ക് പൊക്കമനുസരിച്ചു നിര്‍ത്തിയ ഫോട്ടോഗ്രാഫറുടെ കണ്ണ് വെട്ടിച്ച് കാമുകിയുടെ പിന്നില്‍ സ്ഥാനം പിടിക്കാന്‍ വിഫല ശ്രമം നടത്തുന്ന കാമുകന്മാരുടെ ഫെബ്രുവരി. നാം പഠിച്ചിരുന്ന കാലഘട്ടത്തിലെ വട്ടപ്പേരുകള്‍,അന്നത്തെ സിനിമ ഗാനങ്ങളുടെ വരികള്‍,തമാകള്‍ ഇവയൊക്കെ ഓരോ ഓട്ടോഗ്രഫിലും ഉണ്ടാവും. ഒപ്പം പ്രിയപ്പെട്ട അധ്യാപകരുടെ സ്നേഹം നിറഞ്ഞ ആശംസകളും. ചിലര്‍ക്കെങ്കിലും സഫലമാവാത്ത പ്രണയത്തിന്‍റെ രക്തസാക്ഷി സ്മാരകമാണ് ഓട്ടോഗ്രാഫ്.തൊട്ടടുത്ത്‌ പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്കൂളിലേക്ക് ഞാന്‍ പഠിച്ച സര്‍ക്കാര്‍ സ്കൂളിന്‍റെ മുന്നിലൂടെ രാവിലെയും വൈകുന്നേരവും പോകുന്ന പത്താം ക്ലസുകാരിയോടു ആദ്യ പ്രണയം തോന്നിയെങ്കിലും ഇഷ്ടം പറയാന്‍ ധൈര്യമില്ല.ആ പെണ്‍കുട്ടിയെക്കൊണ്ട്‌ എഴുതിക്കാന്‍ വേണ്ടി ഒഴിച്ചിട്ട ഓട്ടോഗ്രാഫിലെ ആദ്യ പേജ് ഇപ്പോഴും ഒഴിഞ്ഞു കിടക്കുന്നു.ഇഷ്ടം പറയാന്‍ ധൈര്യമില്ല പിന്നെങ്ങനെ ഓട്ടോഗ്രാഫ് ചോദിക്കും. ട്യുഷന്‍ ക്ലാസ്സില്‍ വെച്ചോ അല്ലെങ്കില്‍ അമ്പലത്തിലോ ബസ്‌സ്റ്റോപ്പിലോ വെച്ച് മൊട്ടിട്ട ആദ്യ പ്രണയം തുറന്നു പറയാനാവാഞ്ഞ പത്താം ക്ലാസ്/പ്രീഡിഗ്രി കാമുകന്മാരുടെ നിസഹായതയുടെ പ്രതീകമായി പലരുടെയും ഓട്ടോഗ്രാഫില്‍ ഒഴിഞ്ഞു കിടക്കുന്ന ഒന്നാം പേജുകളെക്കുറിച്ചു പറഞ്ഞു കേട്ടിട്ടുണ്ട്. പെണ്‍കുട്ടികള്‍ മിക്കവരും വിവാഹത്തിന് മുമ്പ് ഓട്ടോഗ്രാഫ് ഓട്ടോഗ്രാഫ് നശിപ്പിച്ചു കളയാറുണ്ട്.ഭാര്യയുടെ ഓട്ടോഗ്രാഫിലെ അല്പം കാല്പനികമായ വരികളില്‍ തൂങ്ങി ഭാര്യയുടെ ഭൂതകാലം അന്വേഷിച്ച് ഇറങ്ങുന്ന സം രോഗികളായ തളത്തില്‍ ദിനേശന്മാരുടെ എണ്ണം കുറവല്ല എന്നത് തന്നെ കാരണം.നീലത്തടാകത്തിലെ കളി വള്ളങ്ങളെയും ബാലചന്ദ്രമെനോനെയും അന്വേഷിച്ചിറങ്ങിയ വടക്കുനോക്കി യന്ത്രം സിനിമയിലെ തളത്തില്‍ ദിനേശനെ ഓര്‍ക്കുക. "അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗം വിളിച്ചാലും" ഈ വരികള്‍ എഴുതി ഡയറി തിരികെ ഏല്‍പ്പിക്കുമ്പോള്‍ നീ ഇത് കീറി കളയുമോ? എന്ന എന്‍റെ ചോദ്യത്തിനു കീറികളയും എന്ന് തുറന്നു പറഞ്ഞ പഴയ കാമുകി മേല്‍പറഞ്ഞത്‌ സാഷ്യപ്പെത്തുന്നു(പഴയ സഖാവിന്‍റെ നേരുള്ള മനസിന്‌ നന്ദി) ഓട്ടോഗ്രാഫിനെ കുറിച്ച് ഗൃഹാതുര ഓര്‍മ്മകള്‍ സൂക്ഷിക്കുന്നവര്‍ക്ക് ഇത്തരം ഓര്‍മ്മകള്‍ പങ്കുവെക്കാനുണ്ടാവും എന്നാല്‍ ഓര്‍ക്കുട്ടും,ഫേസ്ബുക്കും സജീവമായ കാലത്ത് പഠിക്കുന്നവര്‍ ഓട്ടോഗ്രാഫ് എഴുതേണ്ടതുണ്ടോ? ക്ലാസ്മുറിയുടെ ചുവരുകള്‍ വിട്ട് സ്വാതന്ത്ര്യത്തിന്‍റെ വിശാല ലോകം വിട്ട് പിരിയുന്നെങ്കിലും ഈ സൌഹൃദങ്ങളുടെ ലോകം വിട്ട് ആരെങ്കിലും പോകുന്നുണ്ടോ? ഏറ്റവും പുതിയ ഫോട്ടോകള്‍ ഷെയര്‍ ചെയ്തും,ചായ കുടിച്ചതും കാപ്പി കുടിച്ചതും വരെ ചര്‍ച്ച ചെയ്തും നാം ഇവിടെത്തന്നെ ഇല്ലേ? പിന്നെ എങ്ങോട്ട് പിരിയാന്‍? അംഗസംഖ്യ നോക്കിയാല്‍ ലോകത്തെ മൂന്നാമത്തെ രാജ്യമായി പരിഗണിക്കാവുന്ന ഫേസ്ബുക്കിന്‍റെ അന്തേവാസികളല്ലേ ഞാനും നിങ്ങളും നമ്മുടെ കൂട്ടുകാരും ഫേസ്ബുക്കില്‍ എന്നും കാണുന്ന കൂട്ടുകാരന്‍റെ ഓട്ടോഗ്രാഫില്‍ "ജീവിതയാത്രയില്‍ എവിടെയെങ്കിലും വെച്ച് കണ്ടുമുട്ടിയാല്‍ തിരക്കിനിടയിലും ഒന്ന് ചിരിക്കണേ കൂട്ടുകാരാ" എന്ന് എഴുതിനല്‍കനാവുമോ? പച്ചയും ചുവപ്പും നിറത്തിലുള്ള വെല്‍വെറ്റ് തുണിയുടെ പുറംചട്ട ഉള്ള പഴയ ഓട്ടോഗ്രാഫ് നോക്കി "ഓര്‍മകള്‍ക്കെന്തു സുഗന്ധം" എന്ന് മനസിലെങ്കിലും ഇനി പറയാനാവുമോ? ഫേസ്ബുക്കിന്‍റെ കാലത്ത് ഓട്ടോഗ്രാഫ് എന്ന ഓര്‍മ പുസ്തകത്തിന്‌ പ്രസക്തിയുണ്ടോ?

3 comments:

 1. ഹല്ലൊ ജയ്സണ്‍..ബ്ലോഗനയില്‍ വായിച്ചു.. ആശംസകള്‍

  ReplyDelete
 2. Blogana Kandu... facebookil njan link koduthittund..
  beautiful..!
  congrats

  ReplyDelete
 3. ഇഷ്ടപെട്ടൂട്ടാ...എന്റെ പെട്ടിയിലും ഉണ്ട്..രണ്ടു ഓടോഗ്രഫുകള്‍ ..ഇടയ്ക്കിടയ്ക്ക് പൊടി തട്ടാരും ഉണ്ട്..

  ReplyDelete